കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍. രാഷ്ട്രീയ, സിനിമ, സാംസ്കാരിക മേഖലയിലെ നിരവധി പേരാണു പ്രിയ നടനെ അവസാനമായി കാണുന്നതിന് എറണാകുളം ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.55 ഓടെയാണു മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലെത്തിച്ചത്. ഭാര്യ വിമലയും മക്കളായ വിനീതും ധ്യാനും മരുമക്കളായ ദിവ്യയും അര്‍പ്പിതയും ഉണ്ടായിരുന്നു.
മൃതദേഹം ടൗണ്‍ഹാളിലേക്ക് എത്തിക്കുന്നതറിഞ്ഞ് ആയിരങ്ങളാണ് അവിടെ കാത്തുനിന്നത്. ഉച്ചയ്ക്ക് 1.07 ന് മുഖ്യമന്ത്രി പിണറായി വിജയന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ടൗണ്‍ഹാളിലെത്തി. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാന്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, റോജി എം. ജോണ്‍, കെ.എന്‍. ഉണ്ണിക്കൃഷ്ണന്, കെ.ജെ. മാക്സി, സിപിഎം ജില്ലാ സെക്രട്ടറി എസ് . സതീഷ്, താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വിനയ് ഫോര്‍ട്ട്, വിഷ്ണു ഉണ്ണിക്കൃഷ്ണന്, സണ്ണി വെയ്ന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്, സായികുമാര്‍, മണികണ്ഠന് ആചാരി, സുരേഷ് കൃഷ്ണ, ലക്ഷ്മിപ്രിയ, അന്‍സിബ, നിഖില വിമല്‍, ബിന്ദു പണിക്കര്‍, സ്നേഹ ശ്രീകുമാര്‍, പേളി മാണി, ശ്രീകുമാര്‍, വിനീത് കുമാര്‍, ബീന ആന്റണി, ശാന്തകുമാരി, റോഷന്, അരുണ്‍ ചെറുകാട്, ഡോ. റോണി ഡേവിഡ്, നിഷ സാരംഗ്, ദുര്‍ഗ കൃഷ്ണ, ശങ്കര്‍ ഇന്ദുചൂഡന്, സന്തോഷ് കീഴാറ്റൂര്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, ഷെയ്ന് നിഗം, സീനത്ത്, പേളി മാണി, ശ്രീനിഷ്, സംവിധായകരായ സത്യന് അന്തിക്കാട്, രഞ്ജിത്ത്, സിബി മലയില്‍, കമല്‍, ജോഷി, റോഷന് ആന്‍ഡ്രൂസ്, ലാല്‍ ജോസ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ലിബര്‍ട്ടി ബഷീര്‍, ആന്റോ ജോസഫ്, എന്‍.എം. ബാദുഷ, തിരക്കഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, ആലപ്പി അഷ്റഫ്, ബെന്നി പി. നായരമ്പലം, ഗായകരായ ബിജു നാരായണന്, സുദീപ് കുമാര്‍, പ്രദീപ് പള്ളുരുത്തി, സംഗീതസംവിധായകൻ മെജോ ജോസഫ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ഡോ. ജോ ജോസഫ് തുടങ്ങി നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.